ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ടാകർമ്മം നിർവഹിച്ച ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ (പുത്തൻനട) ഗുരുദേവ ക്ഷേത്രം നിർമ്മിക്കുന്നു. വാസ്തുവിദ്യയുടെയും ആധുനിക നവ-ശാസ്ത്രീയ ശൈലിയുടെയും സംയോജനമായാണ് ക്ഷേത്ര രൂപ കല്പന ചെയ്തിട്ടുള്ളത്.
തൂണുകളും മണ്ഡപവും നിരവധി തൂണുകൾ താങ്ങിനിർത്തുന്ന വിശാലമായ തുറന്ന മണ്ഡപമാണ് ഇതിന്റെ മുൻഭാഗത്തുള്ളത്. ഇത് ഭക്തർക്ക് വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഗോപുരങ്ങളുടെ ലളിതമായ രൂപത്തിലുള്ള തട്ടുകളും അതിന് മുകളിൽ സ്വർണ്ണ നിറത്തിലുള്ള താഴികക്കുടവും നൽകിയിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവ ക്ഷേത്രങ്ങളുടെ തനത് ശൈലിയാണ് ഗുരുദേവ ക്ഷേത്രത്തിന്റെത്. ശുദ്ധിയും സമാധാനവും സൂചിപ്പിക്കുന്ന തൂവെള്ള നിറവും സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളും,മാർബിൾ, ഗ്രാനൈറ്റ് തറയുമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. കവലയൂർ സുനിൽബാബുവാണ് ക്ഷേത്ര ശില്പി.
ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം കൊല്ലവർഷം 1202 വൃശ്ചികം 6 ഞായറാഴ്ച ( 2026 നവംബർ 22) രാവിലെ 9 : 45 ന് ശിൽപ്പിയുടെ സാന്നിധ്യത്തിൽ, ക്ഷേത്ര മേൽശാന്തി ആകാശ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ പൊന്നൻവിളാകത്ത് സുദേവൻ സുകുമാരൻ നിർവ്വഹിക്കും. 30 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഗുരുദേവ ക്ഷേത്ര നിർമ്മാണത്തിന് എല്ലാ ക്ഷേത്ര വിശ്വാസികളുടേയും സാന്നിധ്യവും, സഹായ സഹകരണം ഉണ്ടാകണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രഡിഡന്റ് ചന്ദ്രബാബു, ജനറൽ സെക്രട്ടറി ബി എൻ സൈജുരാജ്, കൺവീനർ കൃഷ്ണദാസ് തുടങ്ങിയവർ അഭ്യർത്ഥിച്ചു. അന്വേഷണങ്ങൾക്ക് – 90485 88842 / 94007 57461 / 9048711993

