അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാപാലീശ്വരം മേഖലയിൽ തെരുവ് വിളക്കുകൾ രാത്രിയും പകലും ഒരുപോലെ കത്തുന്നത് വൈദ്യുത ധൂർത്തിന് കാരണമാകുന്നു. മാസങ്ങളായി ഈ ഭാഗങ്ങളിലെ തെരുവ് വിളക്കുകൾ ഓഫ് ആകുന്നത് കറന്റ് പോകുമ്പോ മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.
കെ.എസ്.ഇ.ബി യിലും ഗ്രാമ പഞ്ചായത്ത് അധികൃതരോടും ഈ വിഷയം പല തവണ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കടയ്ക്കാവൂർ കെ.എസ്.ഇ.ബി പറയുന്നത് തെരുവ് വിളക്കുകൾ ഓഫ് ആക്കുവാനുള്ള ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്തിന്റെതാണ് എന്നാണ്. സംസ്ഥാനം അതി രൂക്ഷമായ വൈദ്യുത പ്രതിസന്ധി നേരിടുമ്പോഴാണ് അനാസ്ഥകൊണ്ട് മാത്രം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വൈദ്യുതി പാഴാകുന്നത്.
നിലവിൽ, കാപാലീശ്വരം ട്രാൻസ്ഫോർമറിന് കീഴിൽ ഉൾപ്പെടുന്ന കപലീശ്വരം മുതൽ കായിക്കര കടവ് വരെയും, കൂടാതെ വാർഡ് 4,5 പ്രദേശങ്ങളിലും വഴിവിളക്കുകൾ മാസങ്ങളായ് ഓഫ് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ്ന്റെ വീട് ഉൾപ്പെടുന്ന വാർഡും ഈ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്, എന്നാൽ നിരവധി തവണ പരാതിപറഞ്ഞിട്ടും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയുള്ള യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത്നിന്നും ഉണ്ടായിട്ടില്ല. സമാന അവസ്ഥയാണ് മറ്റ് വാർഡുകളിലും.
പലയിടങ്ങളിലും തെരുവ് വിളക്കുകൾ ഓൺ ഓഫ് ചെയ്യാൻ നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്താത്തതിനാൽ, ഫ്യൂസ് അല്ലെങ്കിൽ ബ്രേക്കർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവ നിയന്ത്രിക്കുന്നത്. പലപ്പോഴും നാട്ടുകാരിൽ ചിലർ തന്നെ ഈ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത്, ഓരോ ദിവസവും ലൈറ്റ് ഓൺ ഓഫ് ചെയ്യാറാണ് പതിവ്.
അധികൃതരുടെ അനാസ്ഥമൂലം നിലവിൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ മാത്രം ആയിരകണക്കിന് യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം യാതൊരു പ്രയോജനവുമില്ലാതെ പാഴാകുന്നത്. നിലവിൽ ഓരോ സാമ്പത്തിക വർഷവും, വഴി വിളക്കുകൾ ഉൾപ്പെടെയുള്ള വൈദ്യുത ബില്ലുകൾക്കായി സ്വന്തമായി വരുമാനമില്ലാത്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മാറ്റിവെക്കേണ്ടി വരുന്നത്, വലിയ തുകയാണ്. ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം നിലവിൽ ജനങ്ങളുടെ നികുതിപ്പണമാണ് അനാവശ്യമായി പാഴാകുന്നത്.
വഴിവിളക്കുകൾ സ്ഥാപിക്കുകയല്ലാതെ അറ്റകുറ്റപ്പണികൾ നടത്തുന്ന സംവിധാനം നിലവിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലില്ല. രാത്രി മുഴുവൻ കത്തിയെരിയുന്ന ലൈറ്റുകൾ പകലും കത്തുമ്പോൾ വൈദ്യുതി പാഴാകുന്നഅതിനോടൊപ്പം, ഇത്, ബൾബുകളുടെ ആയുസ്സ് കുറയുന്നതിനും കാരണമാകും. ഇതും പഞ്ചായത്തിന് വലിയ ബാധ്യതയാണ് സൃഷ്ടിക്കുക.

