അഞ്ചുതെങ്ങ് പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർ – വർക്കർ തസ്തികയിലേക്ക് നിയമനം നടത്താൻ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ വൻ ക്രമക്കേട് ആക്ഷേപം.
വർക്കർമാർ 95, ഹെൽപർ 16 പേരും അടങ്ങുന്ന റാങ്ക് ലിസ്റ്റാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത് ഈ ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാണ് മാർക്ക് നൽകി റാങ്ക് ലിസ്റ്റിലേക്ക് തിരുകികയറ്റിയതെന്ന ആക്ഷേപമാണ് പ്രധാനമായും ഉയർന്നു വന്നിട്ടുള്ളത്.
പത്തും – പതിനഞ്ചും വർഷം പരിചയമുള്ളവരെ പോലും ഒഴിവാക്കി പ്രായപരിധി കഴിഞ്ഞവരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, ഇതിൽ പാർട്ടിക്കാർക്കും മെമ്പർമാരുടെ സ്വന്തക്കാരെയുമാണ് ആദ്യ റാങ്ക്കൾ പരിഗണിച്ചിട്ടുള്ളതുമെന്നാണ് സൂചന. ഇത്, സ്വജന പക്ഷേപാതവും, അഴിമതിയുമാണെന്നത് ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്ട്രേഷൻ ട്രിബൂണൽ കേസ് ഫയൽ ചെയ്തു ലിസ്റ്റ് റദ്ദാക്കാനുള്ള നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ അംഗണവാടി തസ്തികയിലേക്കുള്ള നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നത് ചൂണ്ടിക്കാട്ടി ഉയർന്നുവന്ന നിരവധി ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിൽനിന്നുള്ള അഞ്ച് സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്റർവ്യൂ ബോർഡ് ഉണ്ടാക്കി അതുവരെ ഉദ്യോഗാർഥികളെ കണ്ടെത്തണമെന്ന ഒമ്പുഡ്സ്മാൻ നിർദ്ദേശത്തെ തുടർന്ന് അടുത്തിടെ അഞ്ച്അംഗ ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചിരുന്നു. ഈ ബോർഡ് നടത്തിയ ഇന്റർവ്യൂ പ്രകാരമുള്ള ലിസ്റ്റിലാണ് ഇപ്പോൾ വ്യാപക ആക്ഷേപം ഉയർന്നിരിക്കുന്നത്.

