ഇന്ന് ഏപ്രിൽ 18 ലോക പൈതൃകദിനം. പൂർവ്വികർ നമുക്കായ് കാത്തുവച്ചു പോയ സൃഷ്ടികളാണ് പൈതൃകങ്ങൾ. നമുക്ക് ചുറ്റും പൈതൃകങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ഒട്ടനവധിയായുള്ള സൃഷ്ടികൾ ഉണ്ട്. ഇവയെല്ലാംതന്നെ, കടന്നുപോയ കാലഘട്ടത്തേയും ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരെക്കുറിച്ചുമുള്ള അടയാളങ്ങളാണ്.
ഈ അമൂല്യ സമ്പത്തുകളെ കാത്തു സൂക്ഷിക്കേണ്ട കടമ നാം ഓരോരുത്തരുടേതുമാണെന്ന ഓർമ്മപ്പെടുത്തുലാണ് “ലോക പൈതൃകദിനം”.
അഞ്ചുതെങ്ങിന്റെ ചരിത്രത്തിൽ അവഗണിയ്ക്കുവാൻ കഴിയാത്തൊരു കാലഘട്ടത്തിന്റെ ശേഷിപ്പാണ് “ചക്കുകൾ. എന്നാൽ നമ്മളിൽ പലരും ആ ചക്ക് ഇന്നീകാലഘട്ടത്തിൽ കണ്ടിട്ടുണ്ടാകുക അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഇരുനിലകെട്ടിടത്തിന് സംരക്ഷണമൊരുക്കി വളവിലായ് രാഷ്ട്രീയ കക്ഷികളുടെ പോസ്റ്റാറുകളും, ബാനറുകളും, ഫ്ളക്സ് ബോർഡുകളും സ്ഥപിക്കുവാനായെന്നോണം ആരോ സ്ഥാപിച്ച ഒരു “പാറകല്ലായ് മാത്രമാകും.
എന്നാൽ ആ “പാറക്കല്ലിനും അഞ്ചുതെങ്ങിന്റെ പ്രൌഢി വിളിച്ചോതുന്ന ഒരുകാലഘട്ടത്തിന്റെ കഥപറയുവാനുണ്ട്.
▪️അഞ്ചുതെങ്ങിലെ “ചക്കിന്റെ ചരിത്രം.
വൈദ്യുതിയില്ലാത്ത കാലത്ത് നമ്മുടെ പൂർവ്വികർ എണ്ണ ആട്ടിയെടുക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണ് ചക്ക്. വീട്ടാവശ്യത്തിനും വിളക്കുകൾ കത്തിക്കാനും മരുന്നുകൾ നിർമിക്കാനുമുള്ള എണ്ണ ആട്ടി എടുത്തിരുന്നത് ഈ ചക്കുകൾ വഴിയാണ്.
കല്ലിലും മരത്തിലുമായിരുന്നു ഇവ നിർമ്മിച്ചിരുന്നത്. ഈ ചക്ക്കൾ തിരിച്ചിരുന്നത് പ്രധാനമായും കാളകളായിയിരുന്നു. എന്നാൽ മനുഷ്യരെക്കൊണ്ടും ഇവ തിരിച്ചിരിപ്പിച്ചെന്നും ചരിത്രങ്ങളിൽ പറയുന്നുണ്ട്.
പണ്ട് അഞ്ചുതെങ്ങ് പ്രദേശങ്ങളിലെ ഏതാനും പ്രമുഖ കുടുംബങ്ങൾക്കും സ്വന്തമായി ധാരാളം ചക്കുകളുണ്ടായിരുന്നു. എണ്ണ ഉത്പാദനവും വിൽപ്പനയും ഇവരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നായിരുന്നു.
ഒരുകാലത്ത് അഞ്ചുതെങ്ങിന്റെ ഉപജീവനമാർഗ്ഗം കല്പവൃക്ഷങ്ങളായിരുന്നു. തെങ്ങും തെങ്ങ് നൽകുന്ന ഉൽപ്പനങ്ങളും ഉപോൽപ്പനങ്ങളുമായിരുന്നു ഇവിടുത്ത്കാരുടെ പ്രധാന ജീവിതോപാദി. അക്കാലത്ത് അഞ്ചുതെങ്ങിന്റെ വിവിധ പ്രദേശങ്ങളിലെ കണ്ണെത്താദൂരത്തെ ഭൂസ്വത്തുക്കളാൽ പ്രമാണിമാരായിരുന്ന പ്രഗ്ത്ഭ അഞ്ചോളം വലിയ കുടുംബങ്ങൾ ഉണ്ടായിരുന്നു.
അഞ്ചുതെങ്ങിന്റെ വാണിജ്യമേഖലയിലെ ഇടപാട്കളിൽ പ്രമുഖ പങ്ക് വഹിച്ചിരുന്നത് ഈ പ്രബല കുടുംബങ്ങളായിരുന്നു.
ഇവരിൽ പ്രമുഖരായിരുന്നു നീലകണ്ഠൻ മുതലാളി ശിവാനന്ദൻ മുതലാളി, ഗോപാലൻ മുതലാളി തുടങ്ങിയവർ.
തെങ്ങിൽ നിന്ന് ഇവർക്ക് കിട്ടുന്ന നാളികേരങ്ങൾ ആട്ടി എണ്ണയാക്കുവാൻ ഇവരെ സഹായിച്ചിരുന്നത് ചുടുകാട്, കന്നാക്കുടി, എണ്ണക്കിടങ്ങു, തേങ്ങാകൂട് തുടങ്ങിയ പ്രദേശങ്ങളിൽ അക്കാലത്ത് താമസിച്ചിരുന്ന ചേട്ടിയാർ വിഭാഗത്തിൽപ്പെവരായിരുന്നു.
അഞ്ചുതെങ്ങിൽ അന്ന് ഉത്പാദിപ്പിച്ചിരുന്ന എണ്ണ കാൽനടയായും കാളവണ്ടികൾ വഴിയും സമീപപ്രദേശങ്ങളായ കഴക്കൂട്ടം, കൊല്ലം, ചിറയിൻകീഴ്, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിൽ എത്തിച്ചു വരെ ഇവർ വ്യാപാരം നടത്തിയിരുന്നു.
ഒരുകാലത്ത് വീട്ടാവശ്യങ്ങളെക്കാൾ കൂടുതൽ എണ്ണ ആവശ്യമായിരുന്നത് അമ്പലങ്ങളിളായിരുന്നു, വിളക്കു കത്തിക്കാനും തീവെട്ടിവഴി പ്രകാശം ചൊരിയാനും ധാരാളം എണ്ണ ആവശ്യമായിരുന്നു. അതിനാൽ തന്നെ അക്കാലത്ത് നാളികേരത്തിന്റെ എണ്ണയ്ക്ക് (വെളിച്ചെണ്ണയ്ക്ക്) ആവിശ്യക്കാർ ഏറെയായിരുന്നു.
ആക്കാലത്ത് അഞ്ചുതെങ്ങിലെ വിവിധ പ്രദേശങ്ങളിലായ് അറു പതിലേറെ ചക്കുകൾ ഉണ്ടായിരുന്നെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ വൈദ്യുതിയുടെ വ്യാപനത്തോടെ “ചക്കുകൾ പതിയെ പതിയെ, അപ്രത്യക്ഷമാകുവാൻ തുടങ്ങി.
കാലക്രമേണ “ചക്കുകൾ വെറും കല്ലുകൾ മാത്രമായ് മാറി. അവയിൽ പലതും പലപല കാലഘട്ടങ്ങളിലായ് പിന്നീട് നശിപ്പിക്കപ്പെട്ടു. അവയിൽ ഒന്നാണ് 1983-86 കാലഘട്ടങ്ങളിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ്ഥാപിക്കപ്പെട്ട “ചക്ക്”. (വ്യാപാര സ്ഥാപനത്തിന് മുന്നിലൂടെ – ജംഗ്ഷനിലെ വളവിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങൾ ഇടിച്ച് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കെട്ടിട ഉടമയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന് സ്ഥപിച്ചത്.)
ഇന്നും നമ്മളിൽ പലർക്കും ഈ കല്ല് വെറുമൊരു പറകഷ്ണം മാത്രമാണ്. അതിനാൽതന്നെ, കഴിഞ്ഞ കാലഘട്ടത്തിലെ ഇത്തരം ഓരോ വസ്തുക്കളും നമ്മുടെ പൂർവ്വികരുടെ ജീവിതവുമായി വളരെയേറെ ബന്ധം പുലർത്തിയിരുന്ന അമൂല്യ വസ്തുക്കളായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ “ദിനം. പൈതൃക സാമ്പത്തുകളെ സംരക്ഷിയ്ക്കുവാൻ നാം ഓരോരുത്തരും ബാധ്യസ്തരാണെന്ന തിരിച്ചറിവും ഈ ദിനത്തിലൂടെ നമുക്കുണ്ടാകുകയും വേണം.
✍🏻അഞ്ചുതെങ്ങ് സജൻ