മുതലപ്പൊഴി ഫിഷിംഗ് ഹാർബർ പരിധിയിലും അഞ്ചുതെങ്ങ് പ്രദേശത്തും പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളിൽ നിന്ന് പള്ളിയുടെ പേരിൽ അനധികൃതമായി പണം പിരിക്കുന്നതായി പരാതി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (KSMTF) ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് യേശുദാസൻ കരിഷ്പൻ അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്പെക്ടർക്ക് പരാതി നൽകി.
പള്ളിയുടെ പേരിൽ രസീത് ബുക്കുകൾ അച്ചടിച്ച് മത്സ്യത്തൊഴിലാളികളിൽ നിന്ന് തുക ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ തെളിവായി രസീത് പകർപ്പ് പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ പണം പിരിക്കുന്നതിന് സർക്കാരിന്റെയോ, ഫിഷറീസ് വകുപ്പിന്റെയോ, ഹാർബർ അധികൃതരുടെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ യാതൊരുവിധ നിയമപരമായ അനുമതിയും ഇല്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് നിലനിൽക്കെ, ഔദ്യോഗിക സംവിധാനങ്ങൾക്കല്ലാതെ സ്വകാര്യ വ്യക്തികൾക്കോ സംഘടനകൾക്കോ തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി പണം പിരിക്കാൻ അധികാരമില്ല. നിർബന്ധിതമായോ ഭീഷണിപ്പെടുത്തിയോ ആണോ ഇത്തരത്തിൽ പണം ഈടാക്കുന്നത് എന്ന കാര്യത്തിൽ അന്വേഷണം അത്യന്താപേക്ഷിതമാണ്.
അനധികൃതമായി പിരിവ് നടത്തിയ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ നിലവിലുള്ള നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കൂടാതെ പിരിവിനായി ഉപയോഗിച്ച രസീത് പുസ്തകങ്ങളുടെ ഉറവിടം, രസീത് നമ്പറുകൾ, ഇതുവരെ പിരിച്ചെടുത്ത മൊത്തം തുക, പണം സ്വീകരിച്ച വ്യക്തികൾ എന്നിവരെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കണം. പണം നൽകാൻ മത്സ്യത്തൊഴിലാളികളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ടോ എന്നും, സർക്കാർ സംവിധാനങ്ങളുടെ ആവശ്യങ്ങൾക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും ഭാവിയിൽ ഇത്തരം അനധികൃത പിരിവുകൾ തടയുന്നതിനും വിഷയം ഗൗരവമായി പരിഗണിച്ച് അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും അഞ്ചുതെങ്ങ് പോലീസിനോട് പരാതിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

