അഞ്ചുതെങ്ങ് തീര സംരക്ഷണത്തിന് സംസ്ഥാന സർക്കാർ അടിയന്തര പ്രാധാന്യം നൽകണമെന്ന ആവിശ്യവുമായി ബിജെപി രംഗത്ത് വന്നു. മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് കായിക്കര ഒന്നാം പാലം വരെ കടൽഭിത്തി തകർന്നടിഞ്ഞിട്ട് വർഷങ്ങളായി. തീരം ബലപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുന്ന കാര്യത്തിൽ സർക്കാരുകൾ ഉദാസീനത പുലർത്തുന്നതിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.
നിലവിൽ പൂത്തുറ, കോട്ട, തോണിക്കടവ്, സെന്റ് പീറ്റേഴ്സ്, പഞ്ചായത്ത് ഓഫിസ്, കുന്നുംപുറം, കുരിശ്ശടിമുക്ക്, അഞ്ചുതെങ്ങ്, മണ്ണാർക്കുളം, മുണ്ടുതുറ, മാമ്പള്ളി എന്നീ തീരങ്ങളിലാണ് വ്യാപകമായി കടൽഭിത്തി കടലെടുത്ത് നഷ്ടപ്പെട്ടിട്ടുള്ളത്. ഈ ഭാഗങ്ങളിലെ ഗ്രോയിങ്സ് (കോടികൾൽ) പൂർണ്ണമായും മണ്ണിലേയ്ക്ക് ആഴ്ന്നുപോയതും, മുതലപ്പൊഴിയുടെ ആശാസ്ത്രീയ പുലിമുട്ട് നിർമ്മാണവും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയിൽ ക്രമാതീതമായ തീരശോഷണത്തിന് കാരണമായിതീർന്നിട്ടുണ്ട്.
കൂടാതെ, തിരയടിയിലുണ്ടായ വ്യതിയാനങ്ങളും തുടർച്ചയായുള്ള കടൽക്ഷോഭങ്ങളും അഞ്ചുതെങ്ങ് തീരം തകർന്നടിയുന്നതിനും വൻതോതിൽ കര കടലെടുക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്. ഇവിടെ യുദ്ധകാല അടിസ്ഥാനത്തിൽ കടലാക്രമണത്തെ ചെറുക്കുന്നതിനാവശ്യമായ സംരക്ഷണമൊരുക്കിയില്ലെങ്കിൽ തീരപ്രദേശത്തെ, ആയിരത്തി അഞ്ഞൂറോളം വീടുകളും, തീരദേശപാതയും, അടുത്തിടെ കോടികൾ മുടക്കി നിർമ്മിച്ച കുടിവെള്ള സംഭരണിയും കടലെടുക്കുമെന്ന ഗുരുതര അവസ്ഥയിലാണുള്ളത്.
അതിനാൽ തന്നെ ഈ മേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചുകൊണ്ട് പൂത്തുറ മുതൽ നെടുങ്ങണ്ട വരെയുള്ള തീരം പ്രദേശങ്ങളിലെ കടൽ ഭിത്തി ബലപ്പെടുത്തലും, ഗ്രോയിങ് കളുടെ നിർമ്മാണവും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്ന് ഭാരതീയ ജനത പാർട്ടി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രഡിഡന്റ് അഞ്ചുതെങ്ങ് സജൻ മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ആവിശ്യപ്പെട്ടു.

