Saturday, June 20, 2026
HomeANCHUTHENGUഇന്ധന നിയന്ത്രണം: പെരുമാതുറയിൽ പമ്പുകൾ ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.

ഇന്ധന നിയന്ത്രണം: പെരുമാതുറയിൽ പമ്പുകൾ ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.


ഇന്ധന വിതരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെരുമാതുറയിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. പുതുക്കുറിച്ചി-പെരുമാതുറ താങ്ങുവല അസോസിയേഷന്റെ നേതൃത്വത്തിൽ പെരുമാതുറയിലെ ഇന്ത്യൻ ഓയിൽ പമ്പിന് മുൻപിൽ നടന്ന ഉപരോധ സമരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്തെ നയാര, എച്ച്.പി പമ്പുകളും താൽക്കാലികമായി അടച്ചിട്ടു.

​വാഹനങ്ങൾക്ക് പുറമെ ‘പെസോ’ (PESO) അംഗീകാരമുള്ള പ്രത്യേക കാനുകളിൽ മാത്രമായി ഇന്ധന വിതരണം പരിമിതപ്പെടുത്തിയ പുതിയ കേന്ദ്ര നിയമമാണ് തീരദേശ മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർ ഇന്ധനം മാത്രമേ നൽകാവൂ എന്നും നിർദ്ദേശമുണ്ട്. നിലവിൽ മത്സ്യത്തൊഴിലാളികൾ ഇന്ധനം ശേഖരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാനുകൾക്ക് ഈ അംഗീകാരമില്ലാത്തതിനാൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാതെ വള്ളങ്ങൾ കടലിലിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ.
​മുതലപ്പൊഴി ഹാർബറിനെ ആശ്രയിക്കുന്ന ഇരുന്നൂറോളം താങ്ങുവല വള്ളങ്ങളുടെയും എഴുന്നൂറോളം ചെറുവള്ളങ്ങളുടെയും പ്രവർത്തനം ഇതോടെ തടസ്സപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണി ഭീഷണിയിലാവുകയും ചെയ്തു.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനം വാങ്ങാൻ പ്രത്യേക ഇളവുകൾ അനുവദിക്കണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധം കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. പെരുമാതുറ – പുതുക്കുറിച്ചി താങ്ങു വല അസോസിയേഷൻ പ്രസിഡൻ്റ് ഷാക്കീർ സലിം , സജീബ് പുതുക്കുറിച്ചി, ഷാജഹാൻ, അനിൽ കമാൽ, സലിം ഹജ്ജ് മുഹമ്മദ്, ഷിബി റഷീദ്, ബിജു ജോസഫ്, ഷഹിൻ ഷാ, മുനീർ, നവാസ് , മുജീബ്, അൻസാർ, അനിൽ പുതുക്കുറിച്ചി, നൗഷാദ്, എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES