കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കുവാനായി കുഴിച്ച റോഡ് പൂർവ്വ സ്ഥിതിയിലാക്കുവാൻ നടപടി വേണമെന്ന് ആവിശ്യം. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ സ്ഥാപിച്ച അഞ്ച് ലക്ഷം ലിറ്റർ വാട്ടർ ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുവാനായി മീരാൻ കടവ് മുതൽ – അഞ്ചുതെങ്ങ് ജംഗ്ക്ഷൻ വരെയുള്ള വെട്ടിപ്പൊളിച്ച പ്രധാന റോഡ് പൂർവ്വ സ്ഥിതിയിലാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
പൈപ്പിങ് പ്രവർത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് അറ്റകുറ്റപ്പണികൾ തീർത്ത് പൂർവ്വ സ്ഥിതിയിലാക്കുവാൻ അടിയന്തര നടപടി വേണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ ആറ്റിങ്ങൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകി.
റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കുവാൻ വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നൽകിയത് 43,08870 ലക്ഷം രൂപ.
അഞ്ച്തെങ്ങിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാനായി ഗ്രാമ പഞ്ചായത്ത് കോമ്പോണ്ടിൽ സ്ഥാപിച്ച 5 ലക്ഷം ലിറ്റർ ജല സംഭരണിയിലേക്കുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി അഞ്ചുതെങ്ങ് കടയ്ക്കാവൂർ പി.ഡബ്ല്യു.ഡി യുടെ പാതയുടെ അറ്റകുറ്റപ്പണികൾക്കായാണ് വാട്ടർ അതോറിറ്റി 43,08870 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. ട്രഷറി വഴി പൊതുമരാമത്ത് വകുപ്പിന് വാട്ടർ അതോറിറ്റി കഴിഞ്ഞ ഫെബ്രുവരി 5 നാണ് തുക കൈമാറിയത്.
ഇതോടെ, പി.ഡബ്ല്യു.ഡി യ്ക്കാണ് പൈപ്പിങ് പ്രവർത്തികൾ കഴിഞ്ഞാൽ ഉടൻതന്നെ റോഡ് പൂർവ്വ സ്ഥിതിയിലാക്കുവാനുള്ള ഉത്തരവാദിത്വം. റോഡ് വെട്ടിപ്പൊളിച്ചുള്ള എല്ലാ പ്രവർത്തികൾക്കും ഇത്തരത്തിൽ നഷ്ട തുക കെട്ടിവച്ചാൽ മാത്രമേ സാധാരണഗതിയിൽ പ്രവർത്തികൾക്ക് പൊതുമരാമത്ത് അനുമതി നൽകുകയുള്ളു. എന്നാൽ പലപ്പോഴും കൃത്യ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ പി.ഡബ്ല്യു.ഡി അനാസ്ഥകാണിക്കാറാണ് പതിവ്.

