മുതലപ്പൊഴിയിൽ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവിശ്യം ശക്തമാകുന്നതിനിടെ മുതലപ്പൊഴി ഹാർബർ ഫിഷറീസ് ഡയറക്ടർ അദീലാ അബ്ദുള്ള സന്ദർശിച്ചു.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഫിഷറീസ് ഡയറക്ടർ മുതലപ്പൊഴി സന്ദർശിച്ചതെന്നാണ് സൂചന.
അദാനി കമ്പനി പ്രതിനിധികൾ, ഹാർബർ – ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ ഡയറക്ടറോടൊപ്പമുണ്ടായിരുന്നു.
തുറമുഖ അഴിമുഖവും മണൽ അടിഞ്ഞ് കൂടിയ ഭാഗവും സംഘം നോക്കി കണ്ടു. ഹാർബറിൻ്റെ പ്രവേശന കവാടത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദാനി കമ്പനി അധികൃതരോട് ഫിഷറീസ് ഡയറക്ടർ നിർദ്ദേശം നൽകി.
അറുപതിലധികം മത്സ്യതൊഴിലാളികളുടെ ജീവൻ കവർന്നെടുത്ത മുതലപ്പൊഴിയിൽ ഇനിയും അപകടകരമായ സ്ഥിതി ഉണ്ടാകരുതെന്ന ഉറച്ച നിലപാടാണ് സർക്കാരിന്റേതെന്ന് ഫിഷറീസ് ഡയറക്ടർ പറഞ്ഞു.
ഡ്രജിങ് നടത്തുന്നതിനായി തിങ്കളാഴ്ച്ച വരെ കമ്പനി സമയം ആവശ്യപ്പെട്ടതോടെ മത്സ്യതൊഴിലാളികളുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയർന്നു. ഇതോടെ നാളെ മുതൽ ഡ്രജിങ് ആരംഭിക്കണമെന്ന് ഫിഷറീസ് ഡയറക്ടർ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസത്തോടെയാണ് മുതലപ്പൊഴി ഹാർബർ പ്രവേശന കവാടത്തിൽ മണൽ അടിഞ്ഞ് കയറി തുടങ്ങിയത്. ഇത് അഞ്ചുതെങ്ങ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഹാർബറിൻ്റെ പ്രവേശന കവാടത്തിൻ്റെ പകുതിലേറെ ഭാഗം നിലവിൽ മണൽ അടിഞ്ഞ് കൂടിയിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങളിൽ സുരക്ഷിതമായി കടലിലേക്ക് ഇറങ്ങാനോ കയറാനോ സാധിക്കാത്ത ഗുരുതര സ്ഥിതിയാണ് നിലവിലുള്ളത്.
മൂന്ന് മാസ ഇടവേളകളിൽ ഹാർബർ അഴിമുഖത്ത് ഡ്രജിങ് നടത്തണമെന്ന കമ്പനിയും സർക്കാറും തമ്മിൽ കരാർ ഉണ്ടാക്കിയിരുന്നു. ഇത് കൃത്യമായി പാലിക്കാത്തതാണ് മണൽ തിട്ടരൂപപ്പെടുന്നതിനിടയാക്കിയത്.
നിലവിൽ, ശനിയാഴ്ച ഡ്രജിങ് ആരംഭിക്കുമെന്ന ഉറപ്പ് നൽകിയെങ്കിലും ഉറപ്പ് പാലിക്കപ്പെടുമോ എന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികൾ.

