മുതലപ്പൊഴി കായലിൽ കാണാതായ തോമസ്സിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ്സ് (പ്രവീൺ) (37) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 5:45 ഓടെ കണ്ടെത്തിയത്.
മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യ തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫിഷറീസ് വാർഡന്മാർ കരയ്ക്കെത്തിച്ച മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വൈകിട്ട് 5:30 ഓടെയായിരുന്നു അഞ്ചുതെങ്ങ് സ്വദേശി തോമസ്സിനെ കായലിൽ വീണ് കാണാതായത്. മത്സ്യബന്ധനം കഴിഞ്ഞ് മുതലപ്പൊഴി താഴമ്പള്ളി ഹാർബറിലെത്തി ലഭ്യമായ മത്സ്യ വിൽപ്പനനടത്തി മടങ്ങവേ വള്ളത്തിൽ നിന്ന് തോമസ്സ് കായലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് കോസ്റ്റൽ പോലീസ്, കോസ്റ്റൽ ഗാർഡ്, ഫെയർ ഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രക്ഷപ്രവർത്തനങ്ങൾക്ക് ആവിശ്യമായ ലൈറ്റ് സംവിധാങ്ങൾ ഇല്ലാതെപോയതാണ് രാത്രിയോടെയുള്ള രക്ഷാ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്.
ആറ് മണിയോടെ ആരംഭിച്ച തെരച്ചിൽ ഫലപ്പെടാത്തത്തിനെ തുടർന്ന്, തോമസ്സിന്റെ കൂടെ വള്ളത്തിൽ ഉണ്ടായിരുന്നവരുടേയും ബന്ധുക്കളുടേയും നേതൃത്വത്തിൽ അഴിമുഖം, കായലിന്റെ കഠിനംകുളം – അഞ്ചുതെങ്ങ് ഭാഗങ്ങളിൽ വല ഇടുകയും ഒഴുക്കിൽപ്പെട്ട ശരീരം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകിപോകുന്നത് തടയുകയുകയും ചെയ്തിരുന്നു. ഇതും മൃതദേഹം വേഗത്തിൽ കണ്ടെത്താൻ കാരണമായി.
അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസ് ജോർജ്ജിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് ഇന്നലെ വൈകിട്ടോടേ അപകടത്തിൽപ്പെട്ടത്. അപകടം സംഭവിക്കുമ്പോൾ തോമസിന് പുറമേ അച്ഛൻ ക്ലെരിയാൻ, ബന്ധുക്കളായ മുത്തപ്പൻ, പത്രോസ്, ടെറി, റീചാർഡ് എന്നിങ്ങനെ ആറോളം പേരായിരുന്നു വള്ളത്തിൽഉണ്ടായിരുന്നത്. ലഭ്യമായ മത്സ്യം താഴമ്പള്ളി ലേലഹാളിലെത്തി ലേലം ചെയ്ത് നൽകിയ ശേഷം തൊഴിലാളികളുമായി വള്ളത്തിൽ അഞ്ചുതെങ്ങ് ഭാഗത്തേക്ക് കായൽ മാർഗ്ഗം പോകുമ്പോഴായിരുന്നു. അപകടം. ഇഞ്ചിൻ ഓടിച്ചിരുന്ന തോമസ് പെട്ടെന്ന് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അച്ഛൻ ക്ലേരിയാൻ, അമ്മ ജോൺമേരി, സഹോദരങ്ങൾ പ്രബല്ല, സിന്ധു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ സംസ്കരിക്കും.

