Saturday, August 8, 2026
HomeANCHUTHENGUമുതലപ്പൊഴി അപകടം : തിരച്ചിൽ ഊർജിതമാക്കുമെന്ന് മന്ത്രി.

മുതലപ്പൊഴി അപകടം : തിരച്ചിൽ ഊർജിതമാക്കുമെന്ന് മന്ത്രി.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. തെരച്ചിൽ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷിജിന്റെ കുടുംബാംഗങ്ങൾ, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫൊറോന പള്ളിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തെ പൂർണമായി ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ തിരച്ചിൽ തുടരും. കടലിന്റെ സ്വഭാവം നന്നായി അറിയുന്ന പത്ത് മത്സ്യത്തൊഴിലാളികളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ കലക്ട്രേറ്റിന്റെ രക്ഷാപ്രവർത്തന സംഘത്തിന്റെ ഭാഗമായി താത്കാലികമായി നിയമിക്കും. മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറിയിരിക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം തേടിയാണോ ഇവിടെ കല്ലുകൾ ഇട്ടത് എന്നതിനെക്കുറിച്ച് കൃത്യമായി പഠിച്ച ശേഷമേ സർക്കാർ മുന്നോട്ട് പോവുകയുള്ളൂ. മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി കരയോട് ചേർന്നാണ് ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത്. ഇത് വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ താൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ ഉയർന്നുവന്ന കാര്യങ്ങളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികൾക്കും കൗൺസിലിനും ബോധ്യമാകുന്ന രീതിയിലാകും സർക്കാരിന്റെ തുടർപ്രവർത്തനങ്ങൾ. ഡെപ്യൂട്ടി കലക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുൾപ്പെടെ പതിനഞ്ചോളം പേർ പങ്കെടുത്ത ചർച്ചയിൽ ജനങ്ങളും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. നാളെ രാവിലെ 5.45ന് വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്നും തുടർന്ന് താൻ വീണ്ടും സ്ഥലത്തെത്തുമെന്നും മന്ത്രി അറിയിച്ചു.

എന്നാൽ പ്രതിപക്ഷ പാർട്ടികൾ, ചർച്ച ഏകപക്ഷീയമാണെന്ന നിലപാട് ചൂണ്ടികാട്ടി, ചർച്ചയിൽ നിന്നും വിട്ടുനിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES