മുതലപ്പൊഴിയിൽ പകടത്തിൽപ്പെട്ട രണ്ടാമനായുള്ള തിരച്ചിൽ തുടരുന്നു. അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് ഷെക്കേന ഭവനിൽ ഷിജിൻ (32) നായുള്ള തെരച്ചിലാണ് തുടരുന്നത്.
അപകടത്തിൽപ്പെട്ടവർക്കായി ഇന്ന് പുലർച്ചയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ കോസ്റ്റൽ പോലീസിന്റെ ജലറാണി ബോട്ടും മറൈൻ എൻഫോഴ്സ്മെന്റ് വള്ളങ്ങളും പാലത്തിന് സമീപമുണ്ടെങ്കിലും, അഴിമുഖത്തെ ശക്തമായ തിരമാല കാരണം വള്ളങ്ങൾക്ക് കടലിലേക്ക് ഇറങ്ങാൻ തടസ്സം സൃഷ്ടിച്ചു.
വിഴിഞ്ഞത്തുനിന്ന് കോസ്റ്റ് ഗാർഡിന്റെ കപ്പലും നാവികസേനയുടെ ഹെലികോപ്റ്ററും തിരച്ചിലുകൾക്ക് മുഖ്യപങ്ക് വഹിച്ചു. അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാൽ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളിൽ വ്യോമ-ജല മാർഗ്ഗങ്ങളിലൂടെ പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു തിരച്ചിൽ. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും കാരണം തെരച്ചിൽ ഇന്നത്തേക്ക് നിറുത്തിവച്ചു. നാളെ രാവിലെ മുതൽ വീണ്ടും പുനരാരംഭിക്കും.
കാണാതായവരിൽ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെയോടെ കണ്ണാന്തുറ ഭാഗത്താണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടം അമ്പിളി ഹൗസിൽ ഫ്രീമോൻ (26) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ണാന്തുറ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയിത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് ഉച്ചയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി, ഇയാളുടെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 ന് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ നടക്കും.
വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുള്ള ക്യാരിയർ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെ കാണാതാകുകയായിരുന്നു.

